നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണു ജല സംരക്ഷണം (ആര്‍.ഐ.ഡി.എഫ്)
വെള്ളപ്പൊക്കവും കാര്‍ഷികവരള്‍ച്ചയും പരിമിതപ്പെടുത്തുവാനും കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് നീര്‍ത്തടാടിസ്ഥാനത്തില്‍ നബാര്‍ഡ് ധനസഹായത്തോടെ മണ്ണുജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നീർച്ചാൽ ശൃംഖലയുടെ സംരക്ഷണം വഴി വെളളപ്പൊക്ക നിവാരണത്തോടൊപ്പം പാടശേഖരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനവും, നെൽക്കൃഷിയിടങ്ങളിലെ ഡ്രയിനേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിസ്ഥിതി പുനരുജ്ജീവനവും കാർഷിക മേഖലയുടെ ഉന്നമനവും പദ്ധതി നിർവ്വഹണത്തിലൂടെ ലക്ഷ്യമിടുന്നു.ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ കാർഷിക സംരക്ഷണ രീതികൾ നടപ്പിലാക്കുന്നതിന് പദ്ധതി പ്രാധാന്യം നൽകുന്നു.
ശുദ്ധ ജല സംഭരണികളുടെ വൃഷ്ടിപ്രദേശത്തെ മണ്ണു ജല സംരക്ഷണം
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ശുദ്ധജല വിതരണ പദ്ധതിയുടെയും കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ശുദ്ധജല വിതരണ പദ്ധതികളുടെ വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പ് നിയന്ത്രണ വിധേയമാക്കുന്നതിലൂടെ ബന്ധപ്പെട്ട ജല സംഭരണികളുടെ സംരക്ഷണം ഉറപ്പാക്കുകയും വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് സ്ഥായിയായി നിലനിര്‍ത്തുകയും ചെയ്യുകവഴി പ്രസ്തുത ജല സംഭരണികളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
മണ്ണിടിച്ചിലുള്ള പ്രദേശങ്ങളുടെ ബലപ്പെടുത്തല്‍
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം സംസ്ഥാനത്ത് കൃഷി നാശം സംഭവിച്ചതും സംഭവിക്കാന്‍ സാധ്യതയുമുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയമായ മണ്ണുസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, അധിക ജലം സുരക്ഷിതമായി പുറത്തേക്കു ഒഴുക്കുന്നതിനുള്ള സംവിധാനം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഉരുൾപൊട്ടൽ ബാധിത/ സാധ്യതാ പ്രദേശങ്ങളിലെ ജൈവ വ്യവസ്ഥയെ ഭദ്രമാക്കുവാൻ ഈ പദ്ധതി സഹായിക്കുന്നു.
ജലാശയങ്ങളുടെയും നീരുറവകളുടെയും പുനരുജ്ജീവനം
കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുന്നതിനും ഭൂഗര്‍ഭ ജലസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കായി മഴവെള്ള സംഭരണം പരമാവധി വർധിപ്പിക്കുന്നതിനുമായി പരമ്പരാഗത ജലസ്‌ത്രോസ്സുകളുടെയും നീരുറവകുളുടെയും ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളുടെയും നദികളുടെ കൈവഴികളുടെയും പോഷണവും പുനരുജ്ജീവനവുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൂക്ഷ്മ നീര്‍ത്തടാധിഷ്ഠിതവികസനം
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രളയം/ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം മണ്ണും മണ്ണിന്റെ ഈര്‍പ്പവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. സൂക്ഷ്മ നീര്‍ത്തടാധിഷ്ഠിതവികസനത്തിലൂടെ ഉത്പാദന വര്‍ദ്ധനവും സുസ്ഥിരമായ കാര്‍ഷികവികസനവും സാദ്ധ്യമാണ്. മണ്ണൊലിപ്പിന്റെ ദൂഷ്യ വശങ്ങൾ ഇല്ലാതാക്കുന്നതിനും മണ്ണിന്റെ ഈർപ്പം നിലനിർത്തുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രസ്തുത പദ്ധതിയിലൂടെ നിയോജകമണ്ഡലാധിഷ്ഠിതമായ സൂക്ഷ്മ നീര്‍ത്തടവികസനം ലക്ഷ്യമിടുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിലും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും നിലവിൽ പദ്ധതി നടപ്പിലാക്കി വരുന്നു.
നബാര്‍ഡിന്റെ നിഡ(NIDA) സാമ്പത്തിക സഹായത്തില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സമഗ്ര നീര്‍ത്തട വികസന പദ്ധതി
തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും മേഖല അഭിമുഖീകരിക്കുന്ന രൂക്ഷമായ ജലദൗര്‍ലഭ്യത്തിന് ഒരു ശാശ്വത പരിഹാരം കാണുന്നതിനുമായി 7 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി വ്യാപിച്ചു കിടക്കുന്ന 5408.3 ഹെക്ടര്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന സഹായ പദ്ധതിയില്‍ (NIDA)ഉള്‍പ്പെടുത്തി 63.88 കോടിരൂപ അടങ്കല്‍ വരുന്ന ജലസമൃദ്ധി പദ്ധതിയില്‍ (NIDA)ഉള്‍പ്പെടുത്തി വിവിധ മണ്ണുജല സംരക്ഷണ പ്രവൃത്തികൾ നടപ്പിലാക്കി വരുന്നു.
റീബില്‍ഡ് കേരള പദ്ധതി
പ്രളയാനന്തര പാരിസ്ഥിതിക പുനരുജ്ജീവനവും പുനര്‍നിര്‍മ്മാണവും ലക്ഷ്യമിട്ട് തൃശ്ശൂര്‍, ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി റീബില്‍ഡ് കേരള പദ്ധതിയുടെ ഘട്ടത്തിൽ ഉള്‍പ്പെടുത്തി 60.94 കോടി രൂപയുടെ പാരിസ്ഥിതിക പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.
കൂടാതെ വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ വരള്‍ച്ചാ/വെളളപ്പൊക്ക നിവാരണത്തിനായുള്ള പദ്ധതി, പി.എം.കെ.എസ്.വൈ പദ്ധതി, ജില്ലാ പഞ്ചായത്ത് പദ്ധതികള്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് സ്‌കീം എന്നിവയും വകുപ്പ് നടപ്പിലാക്കി വരുന്നു.